സഹകരണമേഖല സംരക്ഷണ ക്യാമ്പയിന്‍ സംസ്ഥാനതല ഉല്‍ഘാടനം-ഡിസംബര്‍ 11 ന് എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും

സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സിന്റെ തീരുമാനപ്രകാരം സംസ്ഥാനത്താകെ നടത്താന്‍ തീരുമാനിച്ചിട്ടുള്ള സഹകരണമേഖലയുടെ സംരക്ഷണ ക്യാമ്പയിന്റെ സംസ്ഥാനതല ഉല്‍ഘാടനം ഡിസംബര്‍11 ന് ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വിവിധ കക്ഷി നേതാക്കള്‍,പ്രമുഖ സഹകാരികള്‍ തുടങ്ങിയവരെല്ലാം യോഗത്തില്‍ സംബന്ധിക്കും. സംസ്ഥാന സഹകരണബാങ്ക്, ജില്ലാസഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണബാങ്കുകള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍, തുടങ്ങി സഹകരണമേഖലയിലെ എല്ലാവിഭാഗം സഹകാരികളുടേയും സഹകരണവകുപ്പിലേയും സഹകരണ സംഘങ്ങളിലേയും ജീവനക്കാരുടേയും പങ്കാളിത്തം യോഗത്തില്‍ ഉണ്ടാകും.

ഡിസംബര്‍ 10 മുതല്‍ ജനുവരി 10 വരെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കും. സംസ്ഥാന കണ്‍വെന്‍ഷനെ തുടര്‍ന്ന് ജില്ലാതലത്തിലും പ്രാഥമിക സംഘം തലത്തിലും കണ്‍വെന്‍ഷനുകള്‍ ചേരും. ഡിസംബര്‍ 18 ന് സംസ്ഥാനത്തെ 67 ലക്ഷത്തോളം ഭവനങ്ങളിലും സഹകാരികള്‍ സന്ദര്‍ശിച്ചുകൊണ്ട് സഹകരണസംരക്ഷണദിനം ആചരിക്കും. ഈ കാലയളവില്‍ ഓരോ വീട്ടില്‍ നിന്നും ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സ്വീകരിച്ചുകൊണ്ട് വമ്പിച്ച നിക്ഷേപ സമാഹരണയജ്ഞവും സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജനങ്ങളുടെ മഹാപ്രസ്ഥാനമായ സഹകരണമേഖലയുടെ സംരക്ഷണത്തിനായി നടക്കുന്ന ഈ ജനകീയ സംരംഭങ്ങളില്‍ ബഹുജനങ്ങളാകെ പങ്കാളികളാകണമെന്നും വമ്പിച്ച വിജയം ആക്കണമെന്നും സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.